Tuesday, February 8, 2011

ദൂതന്‍

ഈ വഴി എനിക്കിപ്പോള്‍ സുപരിചിതമാണ്. കുറച്ചധികം നടക്കാനുണ്ടെങ്ങിലും ഒച്ചയും അനകവും ഇല്ലാത്ത ഈ വഴിയാണ് എനിക്കും എന്‍റെ സഹോദരിമാര്‍ക്കും ഇഷ്ട്ടം. അന്ന്‍ ധിറുതിയൊന്നും  ഇല്ലാത്തത് കൊണ്ട് മെല്ലെ, സൊറ പറഞ്ഞാണ് ഞങ്ങള്‍ നടന്നത്. ആ വൈകുന്നേരം ഞങ്ങള്‍ക്കാര്‍കും മറക്കാന്‍ പറ്റാത്തതാണ്. കാരണം അന്നാണ് ദൈവ ദൂതന്‍  ഞങ്ങളെ തേടിഎത്തിയത്. ദൂതന്‍ എന്ന മനപ്പൂര്‍വ്വം പറഞ്ഞതാ, എന്തെന്നാല്‍ അവനെ പിന്നീട് ഞാന്‍ കണ്ടിട്ടില്ല.
     അന്ന്‍ എവിടെ നിന്നാനെന്നറിയില്ല, ഒരു കുസൃതി പയ്യന്‍ പിറകെ കൂടി. ഞങ്ങളോട്‌ വഴക്കിട്ടും, കല്ലെറിഞ്ഞും അവന്‍ ഒരുപാട് ആസ്വദിച്ചു. ഒട്ടും സഹിക്കവയ്യാഞ് ഞാന്‍ തിരിച്ച് കല്ലെറിഞ്ഞു, പിന്നെ കുറേ കൊഞ്ഞനം കുത്തുകയും ചെയ്തു. പെടുന്നനെ അവന്‍ ആകാശം നോക്കി ചിരിക്കാന്‍ തുടങ്ങി. എനിക്ക് ചിരിയല്ല, അത്ഭുതമാണ് ഉണ്ടായത്. "ആകാശം ഇത്ര സുന്ദരം" ആണെന്നറിഞ്ഞ നിമിഷം. ദൈവത്തിന്‍റെ കലാവിരുത്- മഴവില്ല്, ഒന്നല്ല രണ്ടു മഴവില്ലുകള്‍ ആണ് മാനത്ത്. അതിനു ചുറ്റുമുള്ള മേഘങ്ങള്‍ വെള്ളച്ചാട്ടം പോലെ തോന്നിച്ചു. സമയം നീങ്ങുന്തോരും ആകാശം, അവളുടെ വസ്ത്രം മാറാന്‍ തുടങ്ങി. ശോഭയാര്‍ന്ന ഉടുപ്പ് മാറ്റി, സ്വര്‍ണകളര്‍ ഉടുപ്പനിഞ്ഞു.(ഇത് കണ്ടിട്ടാവും പുതുമണവാട്ടികളും പല,പല ഉടുപ്പുകള്‍ മാറി അണിയുന്നത്. തീര്‍ച്ച!!!)
       ഇങ്ങനെ ചിന്തിച്ച്  എത്ര നേരം അവിടങ്ങനെ നിന്നു എന്നെനിക്കോര്‍മയില്ല. ഈ സായാന്ഹം ഞങ്ങളുടെതാക്കിയത് അവനാണ്. ഇന്നും ഞാന്‍ വിശ്വസിക്കുന്നത്, അവനെ ദൈവം ഞങ്ങള്കായി അയച്ചതാനെന്നാണ്.നന്ദി പോലും പറയാന്‍ സമ്മതിക്കാതെ  ഓടി കളഞ്ഞതും അതുകൊണ്ടാവാം... 

Monday, February 7, 2011

ഈ റൂള്‍ ഓഫ് തെര്‍ദ്സ്,റൂള്‍ ഓഫ് തെര്‍ദ്സ് പറഞ്ഞാല്‍  എന്തുവാ എന്നറിയോ??? കുട്ടികളെ, നജു എടുത്ത ഫോട്ടോസ് കാണു...(അത് കണ്ടിട്ട് ഒന്നും മനസിലായില്ല എന്ന് പറയരുത്). ഞങ്ങടെ സര്‍ എന്താണോ പറഞ്ഞത് അതുപോലെ തന്നാ എടുത്തിരിക്കുന്നത്...

 ഹോ...ഇത് കണ്ടപ്പോ എന്‍റെ ഫ്രെണ്ട്സിനു സംശയം: സര്‍ ഇത് റൂള്‍ ഓഫ് തെര്‍ദ്സാ? 
അപ്പൊ സര്‍:അതെ...മാത്രമല്ല ഇത്........ കാറ്റഗറിയില്‍ പെടുന്നു (പേര് ഞാന്‍ മറന്നു.സോറി)
എന്താല്ലേ???ചക്ക വീണപ്പോ മുയല്‍ മരിച്ചു(ഞാന്‍ വളര്‍ത്തുന്ന മുയലാവുമ്പോ മരിചൂന്ന്‍ പറയണമെന്ന ഉമ്മ പറഞ്ഞിരികുന്നെ)


 ഇത് ശരിക്കും റൂള്‍ ഓഫ് തെര്‍ദ്സ് ആണേ.... 


ഇത് പിന്നേം റൂള്‍ ഓഫ് തെര്‍ദ്സ്...സത്യം,സത്യം,സത്യം...

Sunday, February 6, 2011


ഓര്‍മചെപ്പ് 


        കുറച്ചുകൂടി സ്പീഡില്‍ പോടാ, നീയെന്താ ഇങ്ങനെ ഇഴഞ്ഞു ഇഴഞ്ഞു ഓടിക്കുന്നത്?ഞാനങ്ങനെ ചോദിച്ചത് അവനിഷ്ടായില്യാ എന്ന് തോന്നുന്നു. എന്നെയൊരു തുറിച്ചു നോട്ടം. പ്രായത്തില്‍ എന്‍റെ ഇളയതാനെങ്കിലും എനിക്കവനെ പേടിയാ. 'വല്ലാത്തൊരു'സ്വഭാവമാ അവന്. കലപിലാ സംസാരിക്കില്ല, ഒച്ചവെക്കില്ല , ഒന്ന് ദേഷ്യപെടുക 
 പോലുമില്ല. എനിക്കാണെങ്കില്‍ പത്ത് മിനിറ്റ് പോലും മിണ്ടാതിരിക്കാന്‍ പറ്റില്ല. അവനെ വക വെക്കാതെ ഞാന്‍ പിന്നയും സംസാരിച്ചുകൊണ്ടെയിരുന്നു. പെട്ടനാണാകുളം  എന്നെ നോക്കി ചിരിച്ചത്. 'വല്ലാത്തൊരു' സന്തോഷത്തോടെ ഞാനവനോട് ചോദിച്ചു, ഡാ!നോക്കിയേ, ഈ കുളം ഓര്‍മ്മയുണ്ടോ?ഇതുകെള്‍കേണ്ട  താമസം, "താത്തിയെന്താ ചോദിക്കാതത്  എന്നാലോജിക്കുകയായിരുന്നു ഞാന്‍" എന്ന് പറഞ്ഞവന്‍ എന്നെ കളിയാക്കി ചിരിച്ചു. എപ്പോ ഈ വഴിയിലൂടെ വന്നാലും ഞാനിതു ചോദിക്കും പോലും. അവനങ്ങനെ പലതും പറയാം, കളിയാക്കി ചിരിക്കാം. പക്ഷേ എനിക്കീ കുളവുമായി പതിനഞ്ചു വര്‍ഷത്തെ ബന്ധമുണ്ട്. അതെന്താനല്ലേ? പറയാം...
      ചെറുപ്പത്തില്‍  മാമയായിരുന്നു  എന്നെ സ്കൂളില്‍ കൊണ്ടുപോയിരുന്നത്. വല്യ ജാതിക്കാ തോട്ടവും ഒരു കുഞ്ഞു തോടും കഴിഞ്ഞാല്‍ എന്‍റെ സ്കൂളായി. ഇപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട്  ആ തോട്ടിലെ മീനുകളെയും, നീര്കൊലികളെയും. അവരൊക്കെ എന്നെ ഓര്‍ക്കാറുണ്ടോ എന്തോ???
അന്നൊരു ദിവസം ഞങ്ങള്‍ പോയത്  വേറേതോ വഴിയിലൂടെ ആയിരുന്നു. നിറയെ റബ്ബര്‍ മരങ്ങളുള്ള നല്ല ഭംഗിയുള്ള വഴി. തിരിച്ചു പോകുന്നത് ഈ വഴിയിലൂടെ ആവണമെന്ന്‍ ഞാന്‍ മാമയോട് പറഞ്ഞു. അന്നെറ്റവും  ദൈര്ഘ്യമുള്ള ദിവസമായിരുന്നു. ഒത്തിരി വൈകിയാ 'വൈകുന്നേരം' ആയത്. മാമാക്ക് പക്ഷേ വൈകുന്നെരമായിരുന്നില്ല. ഒരുപാട് കാത്തിരുന്നു  മുഷിഞ്ഞപോള്‍ ഞാന്‍ അവിടെ നിന്നു  മുങ്ങി. ആ പുതിയ വഴി ലക്ഷ്യമാക്കി നടന്നു. എത്ര നടന്നിട്ടും ഒരു റബ്ബര്‍ മരം പോലും എന്നെ എത്തിനോക്കിയില്ല. ഇവരെന്താ ഇങ്ങനെ നാണംകുനുങ്ങികലായി മറഞ്ഞിരിക്കുന്നതെന്ന്‍ ചിന്തിചെത്തിയത് ഒരു കുളത്തിന്‍റെ മുന്നില്‍. എന്ത് ചെയ്യണമെന്ന്‍ പകച്ചു നില്‍കുമ്പോള്‍ ഒരു സ്ത്രീ വന്ന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി... 'മോളെതാ? എവിടെത്യാ?എന്താ ഇവിടെ നില്‍കുന്നെ? എന്നൊക്കെ...ഹോ!!!ഒറ്റയടിക്ക് ഇത്ര ചോദ്യങ്ങള്‍. ഒരു വല്യ ചോദ്യചിന്നമായി ആ കുളവും. ഞാന്‍ മിഴിച്ചു നിന്നു. ആ സ്ത്രീ വീണ്ടും ചോദിച്ചു. "എന്താ മോള്‍ടെ പേര്? ഉപ്പയുടെയും , ഉമ്മയുടെയും പേരെന്താ? 'ഞാന്‍:സമാ, ഉമ്മ നസീമ ഉപ്പ  അബുബക്കര്‍". ഒന്ന് ശങ്കിച്ച് അവരെന്നെയും കൊണ്ട് നടന്നു. അതൊരു കല്യാണവീടായിരുന്നു . ആ സമയത്ത് ഒരാള്‍: "ഓഇ ...നസീരെ ഇവിടെ ചോറ്!!!" അതുകേട്ടതും ഞാന്‍ ചാടി പറഞ്ഞു "എന്‍റെ ഉപ്പയുടെ പേര് നസീരെന്നാ,അബുബക്കര്‍ എന്‍റെ ഉപ്പാപ്പായാ" ഇതുകേട്ടതും അവരെന്നെ നോക്കി ചിരിച്ചു (എന്‍റെ  അനിയന്‍ കളിയാക്കി  ചിരിച്ചപോലെ തന്നെ!)
         അവിടെന്ന്‍ എന്നെയും കൊണ്ടവര്‍ പോയത് 'മഞ്ഞയില്‍' വീട്ടിലേക്കായിരുന്നു. അവിടെയും ആ കല്യാണ വീട്ടിലെ പോലെ തിരക്ക്. എന്നെ കണ്ടതും രംഗം ശാന്തം. ഉമ്മ ഓടി വന്ന്‍ കെട്ടിപിടിച്ചു കരയാന്‍ തുടങ്ങി. പെട്ടന്നായിരുന്നു  ഉമ്മ നാഗവല്ലിയായി മാറിയത്. പിന്നെയവിടം കത്രീനയായിരുന്നോ നര്ഗീസയിരുന്നോ എന്നൊന്നും എനിക്കോര്‍മയില്ല. ഒരു കാര്യം അറിയാം. "അന്നാ കുളം ഇല്ലായിരുന്നെങ്ങില്‍ നിനക്ക് കളിയാക്കി ചിരിക്കാനും, തുറിച്ചു നോക്കി പേടിപ്പിക്കാനും ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല!!!"